കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ രസീത് ബുക്കുകള്‍ ദുരുപയോഗം ചെയ്തു എന്ന ആരോപണവുമായി ബന്ധപ്പെട്ട് മൂന്നു മുന്‍ റവന്യു ഉദ്യോഗസ്ഥര്ക്കെതിരേ ആരംഭിച്ച വകുപ്പുതല അച്ചടക്ക നടപടികള്‍ റവന്യു വകുപ്പ് പൂര്‍ണമായി ഉപേക്ഷിച്ചു. ലാന്‍ഡ് റവന്യു കമ്മീഷണറുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ നടപടികളില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഉദ്യോഗസ്ഥര്‍ക്കു നേരിട്ടു വീഴ്ച സംഭവിച്ചിട്ടില്ലെന്നതും കുറ്റാരോപിതര്‍ സര്‍വീസില്‍നിന്നു വിരമിച്ചതുമാണു നടപടി ഒഴിവാക്കാനുള്ള കാരണങ്ങളായി റവന്യു വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. റോഷ്നി നാരായണന് (റിട്ട. ഡെപ്യൂട്ടി കളക്ടര്‍- മുന്‍ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ഇ. ബിന്ദു (റിട്ട. ജൂണിയര്‍ സൂപ്രണ്ട് - മുന്‍ ജൂണിയര്‍ സൂപ്രണ്ട്, ഡി സെക്ഷന്‍), പി. ജെസി (വില്ലേജ് ഓഫീസര്‍ - മുന്‍ സീനിയര്‍ ക്ലര്‍ക്ക്) എന്നിവര്‍ക്കെതിരേയുള്ള നടപടിയാണ് ഒഴിവാക്കിയത്.
പി. ജെസി മാത്രമാണ് നിലവില്‍ സര്‍വീസില്‍ തുടരുന്നത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച തുകയുടെ രസീത് ബുക്കുകളില്‍ തിരിമറി നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് 2023 ജൂലൈയില്‍ ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല അന്വേഷണവും നടപടികളും ആരംഭിച്ചത്.പിന്നീട് ജില്ലാ കളക്ടറും ലാന്‍ഡ് റവന്യു കമ്മീഷണറും സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടുകളും വിശദീകരണങ്ങളും പരിശോധിച്ചാണ് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തത്.
തിരിമറി ശ്രദ്ധയിൽപ്പെട്ടത് 2018ൽ
കൊയിലാണ്ടി, വടകര താലൂക്ക് ഓഫീസുകളില്‍ കോഴിക്കോട് ജില്ലാ ധനകാര്യ പരിശോധന സ്ക്വാഡ് 2018 മാര്‍ച്ചില്‍ നടത്തിയ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ രസീത് ബുക്കുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കളക്ടറേറ്റിലെ ഡി സെക്ഷനിലെ രജിസ്റ്ററുകള്‍ പരിശോധിച്ചതില്‍ സര്‍ക്കാര്‍ കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് അനുവദിച്ച സിഎംഡിആര്‍എഫ് രസീത് ബുക്കുകളില്‍ 41 എണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇക്കാര്യം 2018 മാര്‍ച്ചില്‍ തന്നെ കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ഹുസൂര്‍ ശിരസ്തദാര്‍, ഡി സെക്ഷന്‍ ജൂണിയര്‍ സൂപ്രണ്ട് എന്നിവരെ അനൗദ്യോഗികമായാണ് അറിയിച്ചത്.
41 രസീത് ബുക്കുകളുടെ വിവരം പൂഴ്ത്തി
പക്ഷേ, ഈ വിഷയത്തില്‍ ഫലവത്തായ നടപടി സ്വീകരിക്കുന്നതിനു പകരം കാണാതായ 41 രസീത് ബുക്കുകളുടെ കാര്യം പരാമര്‍ശിക്കാതെ കളക്ടറേറ്റില്‍നിന്ന് 2018 മേയില്‍ ധനകാര്യ വകുപ്പിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് 2018 ഒക്ടോബര്‍ 23 മൃതല്‍ 26 വരെ ധനകാര്യ പരിശോധനാ വകുപ്പ് പരിശോധന നടത്തി.
ബോധപൂര്‍വമായ കൃത്യവിലോപം, അഴിമതി മൂടിവയ്ക്കല്‍, സാമ്പത്തിക തിരിമറി, കുറ്റക്കാരെ സംരക്ഷിക്കല്‍, അന്വേഷണം തടസപ്പെടുത്തല്‍, അധികാര ദുര്‍വിനിയോഗം, വ്യാജ പരാതി സൃഷ്ടിക്കല്‍ എന്നിവയ്ക്ക് ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ധനകാര്യ പരിശോധനാ വകുപ്പ് ശിപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍, ജെസിക്കെതിരായ ആരോപണങ്ങള്‍ ഒന്നുംതന്നെ നിലനില്‍ക്കുന്നതല്ലെന്നാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
രസീത് ബുക്കുകള്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ അക്കാര്യം റോഷ്നി നാരായണന് പോലീസിന് റിപ്പോര്‍ട്ട് ചെയ്യാത്തതും സെക്ഷന്‍ സൂപ്രണ്ടായിരുന്ന ഇ. ബിന്ദു യഥാസമയം വിവരം മേലുദ്യോഗസ്ഥരെ അറിയിക്കാത്തതും വീഴ്ചയാണെങ്കിലും വീഴ്ച ബോധപൂര്‍വമല്ലെന്നും കുറ്റാരോപിതര്‍ സര്‍വീസില്‍നിന്നു വിരമിച്ചതിനാല്‍ നടപടി ഉപേക്ഷിക്കാവുന്നതാണെന്നും കമ്മീഷണര്‍ ശിപാര്‍ശ ചെയ്തിരുന്നു.